ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താവളം വഴി ഒന്നര കിലോയിലേറെ സ്വർണം കടത്തിയത് ഭർത്താവിന്റെ നിർബന്ധ പ്രകാരമെന്ന് യുവതിയുടെ മൊഴി. ഞായറാഴ്ച രാത്രി കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് സ്വർണവുമായി പിടിയിലായ കാസർകോട് സ്വദേശി ഷഹല (19) ആണ് പോലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഞായറാഴ്ച രാത്രി ദുബായിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഷഹല കരിപ്പൂരിൽ എത്തിയത്. യുവതി സ്വർണം കടത്തുന്നതായി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് കസ്റ്റംസ് പരിശോധന കഴിഞ്ഞ് രാത്രി പതിനൊന്ന് മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ യുവതിയെ പോലീസ് കസ്റ്റഡിയിൽ എടുക്കുക ആയിരുന്നു.
മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും തന്റെ കൈയിൽ സ്വർണമില്ലെന്നായിരുന്നു ഷഹല ആദ്യം പറഞ്ഞിരുന്നത്. ഓരോ ചോദ്യങ്ങൾക്കും ആത്മധൈര്യം കൈവിടാതെയാണ് യുവതി മറുപടി നൽകിയതെന്നും പോലീസ് പറയുന്നു. താൻ സ്വർണക്കടത്തിന്റെ കാരിയറാണെന്നോ തന്റെ കൈയിൽ സ്വർണമുണ്ടെന്നോ ഒരു ഘട്ടത്തിൽ പോലും ഇവർ സമ്മതിച്ചിരുന്നില്ല.
ഇതോടെയാണ് പോലീസ് വിശദമായ പരിശോധന നടത്തിയത്. യുവതിയുടെ ലഗേജുകൾ ആയിരുന്നു ആദ്യം പരിശോധിച്ചത്. എന്നാൽ ലഗേജുകളിൽ നിന്ന് സ്വർണം കണ്ടെത്താൻ ആയില്ല. തുടർന്ന് ദേഹപരിശോധന നടത്തിയതോടെയാണ് ഉൾവസ്ത്രത്തിനുള്ളിൽ അതിവിദഗ്ധമായി തുന്നിച്ചേർത്ത നിലയിൽ 1.8 കിലോ സ്വർണം മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ചത് കണ്ടെത്തിയത്.
മൂന്ന് പാക്കറ്റുകളിലായാണ് ഷഹല ഉൾവസ്ത്രത്തിനുള്ളിൽ സ്വർണ മിശ്രിതം ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വർണത്തിന് വിപണിയിൽ ഒരു കോടിയോളം രൂപ വില വരും. അതേസമയം ഷഹല ആദ്യമായാണ് സ്വർണം കടത്തുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസിന് ലഭിച്ച വിവരം.
കാസർകോട് സ്വദേശിയായ ഭർത്താവിന്റെ നിർബന്ധ പ്രകാരമാണ് സ്വർണം കടത്തിയതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും. തുടർ അന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും നൽകും.
ദുബായിലുള്ള പിതാവിനെ കാണാൻ വിസിറ്റിംഗ് വിസയിൽ പോയപ്പോഴാണ് സ്വർണക്കടത്ത് സംഘങ്ങളുടെ ഇടനിലക്കാർ ബന്ധപ്പെട്ടതെന്നാണ് യുവതിയുടെ മൊഴി. 60,000 മുതൽ ഒരു ലക്ഷം രൂപ വരെ നൽകാം എന്നായിരുന്നു വാഗ്ദാനം. നാട്ടിലേക്കുള്ള വിമാന ടിക്കറ്റും സംഘം എടുത്ത് കൊടുത്തു.
വിമാനത്താവളത്തിന് പുറത്തെത്തിയാൽ വാട്സാപ്പിൽ ഫോൺ ചെയ്യണമെന്നും ആളെത്തുമ്പോൾ സ്വർണ്ണം കൈമാറണം എന്നുമായിരുന്നു നിർദ്ദേശം. സ്ത്രീകളെ പിടികൂടില്ലെന്നും മുഖഭാവത്തിൽ വ്യത്യാസം ഉണ്ടാവരുതെന്നും സംഘം യുവതിയോട് പറഞ്ഞിരുന്നു.
0 Comments