നവീകരണത്തിന്റെ ഭാഗമായി പാപ്പിനിശേരിയിലും താവത്തും പണിത രണ്ട് മേല്‍പാലങ്ങളും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കാതായപ്പോള്‍ വെട്ടിലായത് കെ.എസ്.ടി.പി. പാലത്തിന്റെ നിര്‍മാണത്തിലുള്ള അപാകത ചൂണ്ടിക്കാണിച്ചാണ് പൊതുമരാമത്ത് വകുപ്പ് പാലം ഏറ്റെടുക്കാന്‍ വിമുഖത കാണിച്ചത്.
നവംബറില്‍ ഉപരിതലത്തിലെ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങള്‍ അടച്ചു. 2018 നവംബറില്‍ തുറന്നുകൊടുത്ത പാലത്തില്‍ എത്രതവണ അറ്റകുറ്റപ്പണി നടത്തിയെന്ന് പറയാന്‍ കഴിയാത്ത സ്ഥിതിയാണ്. 2019ല്‍ തുടങ്ങിയ അറ്റകുറ്റപ്പണി 2021 ഡിസംബര്‍ 20ന് ഒരുമാസം വരെ പാലം അടച്ചിട്ടും പ്രവൃത്തികള്‍ നടത്തിയിരുന്നു. എന്നിട്ടും ഒന്നും പരിഹാരമായില്ല.
ഇപ്പോള്‍ പാലത്തിന്റെ അടിവശത്തെ വിള്ളലും മറ്റും അടക്കാന്‍ തീവ്രശ്രമം നടത്തുകയാണ് കെ.എസ്.ടി.പി അധികൃതര്‍. പ്രവൃത്തി ഇപ്പോഴും തുടരുകയാണ്. എന്നുതീരും ഈ പാലത്തിലെ അറ്റകുറ്റപ്രവൃത്തികളെന്നാണ് നാട്ടുകാരും യാത്രക്കാരും ചോദിക്കുന്നത്.
120 കോടി ചെലവഴിച്ച് നവീകരിച്ച റോഡും അതില്‍ 40 കോടിയിലധികം ചെലവഴിച്ച് നിര്‍മിച്ച രണ്ട് മേല്‍പാലവും നിര്‍മാണത്തിനുശേഷം പൊതുമരാമത്ത് വകുപ്പിന് കൈമാറണമെന്നാണ് നിബന്ധന. പാലത്തിന്റെ അപാകത കാരണം പാലം ഏറ്റെടുക്കാതെ റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് മാസങ്ങള്‍ക്കുമുമ്ബേ ഏറ്റെടുത്തുകഴിഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ റോഡ് നവീകരിക്കുകയും ചെയ്തു.
പാലം വിട്ടുകൊടുക്കുന്നതിനായി നിരവധി തവണ പൊതുമരാമത്ത് വകുപ്പിനോട് കെ.എസ്.ടി.പി ആവശ്യപ്പെടുകയുണ്ടായി. പാലം ഏറ്റെടുക്കാന്‍ രണ്ട് വകുപ്പുകളും ഒത്തൊരുമിച്ച് പരിശോധന നടത്തി. ചൂണ്ടിക്കാട്ടിയ അപാകതകള്‍ പരിഹരിക്കുമ്ബോള്‍ തൊട്ടടുത്ത ഭാഗത്ത് പുതിയ പ്രശ്നങ്ങള്‍ തലപൊക്കും.
പാലത്തിലെ തകരാറുകള്‍ പരിഹരിക്കാനാവശ്യമായ ഫണ്ടും കെ.എസ്.ടി.പിക്കില്ല. നിര്‍മാണം നടത്തി കാലാവധി പൂര്‍ത്തിയായ പഴയ കരാറുകാരുടെ ഔദാര്യത്തോടെയാണ് ഇപ്പോള്‍ അറ്റകുറ്റപ്രവൃത്തി നടത്തിവരുന്നത്. പാലം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്ന തീരുമാനം ഈ സാഹചര്യത്തില്‍ ഇനിയും നീളും.
0 Comments