കസ്റ്റഡിയിലുള്ളവരില്‍ ഒരാള്‍ കാപ്പാ കേസ് പ്രതിയാണ്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
രാജാജി നഗറിന് സമീപം അരിസ്റ്റോ ജംഗ്‌ഷൻ തോപ്പില്‍ ഡി 47 വീട്ടില്‍ അലനാണ് (19 )മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ തൈക്കാട് ശാസ്താക്ഷേത്രത്തിന് സമീപം നടുറോഡിലാണ് കൊലപാതകം നടന്നത്.
തൈക്കാട് മോഡല്‍ സ്‌കൂളിലെ വിദ്യാർത്ഥികള്‍ തമ്മില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റുമുട്ടിയിരുന്നു. രാജാജി നഗറിലെയും ജഗതി കോളനിയിലെയും കുട്ടികള്‍ തമ്മിലായിരുന്നു സംഘർഷം. ഇക്കാര്യം പറഞ്ഞുതീർക്കാൻ ഇരു വിഭാഗങ്ങളിലെയും യുവാക്കള്‍ ആലോചിക്കുകയും തൈക്കാട് ശാസ്താ ക്ഷേത്രത്തിനു സമീപത്തു വച്ച് ഒത്തുതീർപ്പ് ചർച്ച തീരുമാനിക്കുകയും ചെയ്തു. അതനുസരിച്ചാണ് രാജാജിനഗറിലെ സംഘത്തിനൊപ്പം അലൻ എത്തിയത്.
സംസാരിക്കുന്നതിനിടെ രൂക്ഷമായ തർക്കമുണ്ടായി. ഉന്തിനും തള്ളിനുമിടെ അലന്റെ നെഞ്ചില്‍ കുത്തേറ്റു. ഹെല്‍മറ്റ് കൊണ്ട് അലന്റെ തലയില്‍ ശക്തമായി ഇടിക്കുകയും കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയും ചെയ്തെന്നാണ് സാക്ഷിമൊഴി.
കുത്തിയാള്‍ കടന്നുകളഞ്ഞു. സുഹൃത്തുക്കള്‍ രണ്ടുപേർ ചേർന്ന് അലനെ ബൈക്കിലിരുത്തി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കത്തി മുകളിലേക്ക് ചരിച്ചു പിടിച്ചുള്ള കുത്തേറ്റ് ഹൃദയധമനി മുറിഞ്ഞാണ് മരണം സംഭവിച്ചതെന്നാണ് സൂചന. മൃതദേഹം മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാതാവ്; മഞ്ജുള, സഹോദരി: പരേതയായ ആൻഡ്രിയ
0 Comments