ഞാൻ തോറ്റിരുന്നെങ്കിൽ രാജിവെക്കുമായിരുന്നു. എന്നാൽ സമ്മർദത്തിന് വഴങ്ങി ഞാൻ പടിയിറങ്ങുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ല. ഞങ്ങൾ തിരഞ്ഞെടുപ്പിൽ തോറ്റിട്ടില്ല; അതൊരു ബലപ്രയോഗമായിരുന്നു. ധാർമികമായി ഞങ്ങൾ തന്നെയാണ് വിജയിച്ചത്," മമത പറഞ്ഞു.
പശ്ചിമ ബംഗാളിൽ 15 വർഷത്തെ ടിഎംസി ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബിജെപി 206 സീറ്റുകൾ നേടി വൻ വിജയം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് മമതയുടെ ഈ പ്രതികരണം.
തങ്ങളുടെ പോരാട്ടം ബിജെപിയോടല്ല, മറിച്ച് ബിജെപിക്ക് വേണ്ടി പ്രവർത്തിച്ച തിരഞ്ഞെടുപ്പ് കമ്മീഷനോടായിരുന്നുവെന്ന് മമത ആരോപിച്ചു. വോട്ടെണ്ണൽ പ്രക്രിയയിൽ വൻ ക്രമക്കേടുകൾ നടന്നുവെന്നും ഏകദേശം 100 സീറ്റുകളിലെ ജനവിധി "കൊള്ളയടിക്കപ്പെട്ടു" എന്നും അവർ അവകാശപ്പെട്ടു. ടിഎംസി പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ വോട്ടെണ്ണൽ മനഃപൂർവം വൈകിപ്പിച്ചതായും അവർ കുറ്റപ്പെടുത്തി.
ഇന്നലെ നടന്നത് ചരിത്രത്തിലെ കറുത്ത അധ്യായമായി രേഖപ്പെടുത്തും. പക്ഷപാതപരമായി പെരുമാറിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു," മമത കൂട്ടിച്ചേർത്തു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ ജനാധിപത്യ അവകാശങ്ങളെ തകർക്കുകയാണെന്നും കമ്മീഷനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അവർ പറഞ്ഞു. കൂടാതെ, തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമ സംഭവങ്ങളെക്കുറിച്ച് പഠിക്കാൻ 10 അംഗ വസ്തുതാന്വേഷണ സമിതിയെ നിയമിക്കുമെന്നും മമത ബാനർജി പ്രഖ്യാപിച്ചു.
നിയമങ്ങൾ പറയുന്നത് എന്ത്?
ഇന്ത്യൻ ഭരണഘടനയനുസരിച്ച്, ഒരു മുഖ്യമന്ത്രിക്ക് ഔദ്യോഗിക പദവിയിൽ തുടരാൻ നിയമസഭയുടെ ഭൂരിപക്ഷം അനിവാര്യമാണ്. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അധികാരത്തിലിരിക്കുന്ന പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് വ്യക്തമായാൽ, മുഖ്യമന്ത്രിയും മന്ത്രിസഭയും ഗവർണർക്ക് രാജി സമർപ്പിക്കണമെന്നാണ് ഭരണഘടനാപരമായ കീഴ്വഴക്കം.
സ്വമേധയാ രാജി വെക്കാൻ തയ്യാറാകാത്ത പക്ഷം ഗവർണർക്ക് ഇടപെടാം
ഭരണഘടനയുടെ 164(1) അനുച്ഛേദം അനുസരിച്ച് ഗവർണറുടെ 'പ്രീതി' ഉള്ളിടത്തോളം കാലം മാത്രമേ മന്ത്രിമാർക്ക് പദവിയിൽ തുടരാനാകൂ. മുഖ്യമന്ത്രിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് ബോധ്യപ്പെട്ടാൽ ഗവർണർക്ക് മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും പുറത്താക്കാൻ അധികാരമുണ്ട്.
ഇത്തരമൊരു സാഹചര്യത്തിൽ, ഭൂരിപക്ഷമുള്ള പാർട്ടിയെയോ സഖ്യത്തെയോ സർക്കാർ രൂപീകരിക്കാൻ ഗവർണർക്ക് ക്ഷണിക്കാം.
ബംഗാളിന്റെ കാര്യത്തിൽ, തൃണമൂൽ കോൺഗ്രസിന് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ട്. മമത ബാനർജി രാജി വെക്കാൻ വിസമ്മതിക്കുന്നത് തുടർന്നാൽ, ഗവർണർക്ക് വോട്ടെണ്ണൽ ഫലത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭയെ പിരിച്ചുവിടാനുള്ള നടപടികളിലേക്ക് നീങ്ങാൻ സാധിക്കും. ഗവർണറുടെ അടുത്ത നീക്കമായിരിക്കും ഇനി നിർണായകം.
0 Comments