തൃശൂർ: മോട്ടോർ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശം അയച്ച് 9.90 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. ഫരീദാബാദ് സ്വദേശിനി ലക്ഷ്മി(23)യെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. മേത്തല കോട്ടപ്പുറം സ്വദേശി കരിയപറമ്ബില്‍ തോമസ് ലാലന്റെ ഫോണ്‍ ഹാക്ക് ചെയ്ത് പണം തട്ടിയെടുക്കുകയായിരുന്നു. നിർമാണ കരാറുകാരനായ തോമസ് ലാലൻ പണം പിൻവലിക്കാൻ ബാങ്കില്‍ എത്തിയപ്പോഴാണ് അക്കൗണ്ടില്‍ നിന്ന് സെപ്റ്റംബർ 29-ന് മൂന്നുതവണകളായി 9.90 ലക്ഷം രൂപ ഓണ്‍ലൈനായി കൈമാറ്റം ചെയ്തതായി കണ്ടെത്തിയത്.
തുടർന്ന് റൂറല്‍ സൈബർ പോലീസ് നടത്തിയ പരിശോധനയില്‍ ഫോണില്‍ ആർടിഒ ചലാൻ എന്ന പേരിലുള്ള എപികെ ഫയല്‍ ഇൻസ്റ്റാള്‍ ചെയ്തതായി കണ്ടെത്തുകയായിരുന്നു. ഹരിയാനയില്‍ നടത്തിയ അന്വേഷണത്തില്‍ പണം ക്രെഡിറ്റ് ആയ അക്കൗണ്ട് വ്യാജവിലാസത്തില്‍ ഉള്ളതാണെന്ന് ബോധ്യപ്പെട്ടു. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ബാങ്ക് അക്കൗണ്ട് ഉടമയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
0 Comments