കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നുള്ള ഇൻഡിഗോ എയർലൈൻസിന്റെ ഫ്ലൈറ്റ് 12 മണിക്കൂർ വൈകിയതോടെ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. ഇന്നലെ വൈകിട്ട് 4.15ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 6.15ന് ദോഹയിൽ ഇറങ്ങേണ്ടിയിരുന്ന ഇൻഡിഗോയുടെ 6ഇ1325 നമ്പർ വിമാനമാണ് സാങ്കേതിക കാരണത്താൽ വൈകിയത്. ഉച്ചയ്ക്ക് ഒരുമണി മുതൽ യാത്രക്കാർ വിമാനത്താവളത്തിൽ ചെക്ക്–ഇൻ തുടങ്ങിയിരുന്നു. 3ന് ബോർഡിങ്ങിനായി കാത്തിരിക്കുമ്പോഴാണ് ഫ്ലൈറ്റ് അരമണിക്കൂർ വൈകുമെന്ന് ആദ്യമായി അറിയിപ്പ് ലഭിച്ചത്. പിന്നീട് അത് ഒരുമണിക്കൂറായി. പിന്നെ 2 മണിക്കൂറായി. 12 മണിക്കൂർ കഴിഞ്ഞിട്ടും ഫ്ലൈറ്റ് പുറപ്പെട്ടില്ല. അവസാനം രാത്രി 11 ആയപ്പോൾ 11.45ന് പുറപ്പെടുമെന്ന് അറിയിപ്പ് ലഭിച്ചതായും യാത്രക്കാർ പറഞ്ഞു. കൃത്യസമയത്ത് ഭക്ഷണം നൽകിയില്ലെന്ന് ആരോപിച്ച് യാത്രക്കാർ ബഹളംവച്ചു.
രാവിലത്തെ ഷിഫ്റ്റിൽ ഡ്യൂട്ടിയിൽ കയറാൻ ഇരുന്നവരും മരുന്ന് കഴിക്കുന്ന രോഗികളും പ്രയാസത്തിലായെന്ന് യാത്രക്കാർ പറഞ്ഞു. യാത്രക്കാരുടെ ചെക്ക്–ഇൻ പൂർത്തിയാക്കിയതിനുശേഷമാണ് ടേക്ക് ഓഫ് ചെയ്യുന്നതിന് ഫ്ലൈറ്റിന് സാങ്കേതിക തകരാർ ഉണ്ടെന്ന് കണ്ടെത്തിയത്. യാത്രക്കാർക്ക് ആവശ്യമായ ക്രമീകരണം ഒരുക്കിയതായും എയർലൈൻ പ്രതിനിധി അറിയിച്ചു.
0 Comments