കേളകം: മരം മുറിക്കുന്നതിനിടെ തടി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. പെരുമ്പുന്ന സ്വദേശി കൊട്ടുപ്പള്ളിയിൽ പൗലോസ് (38) ആണ് മരിച്ചത്. കേളകം പൊയ്യമല കടായം കവലയിൽ ബുധനാഴ്‌ച രാവിലെയാണ് ദാരുണമായ ഈ അപകടം സംഭവിച്ചത്.
സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ മരം മുറിച്ചു നീക്കുന്ന ജോലിക്കിടെയാണ് അപകടമുണ്ടായത്. മുറിച്ച റബർ മരം സമീപത്തെ തെങ്ങിൽ തട്ടി നിയന്ത്രണം വിട്ട് തൊഴിലാളികളുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ പൗലോസിനെ കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിജിതയാണ് പൗലോസിന്റെ ഭാര്യ. ആഞ്ജല ഏക മകളാണ്. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കേളകം മേഖലയിൽ ഈ അപകടം വലിയ നോവായിരിക്കുകയാണ്.
0 Comments