കണ്ണൂർ: കാട്ടാമ്പള്ളി സ്കൂളിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മിനി ലോകകപ്പ് പെനാൽട്ടി ഷൂട്ടൗട്ട് മത്സരം ആവേശകരമായി. ജൂലൈ 9 ബുധനാഴ്ച രാവിലെ സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെയാണ് കായികമാമാങ്കം അരങ്ങേറിയത്. ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. മോഹനൻ കായികമാമാങ്കം ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ ചെറുപ്രായം മുതൽക്കേ കായിക സംസ്കാരം വളർത്തിയെടുക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ സജിൽ. സി, സ്കൂൾ പ്രധാനധ്യാപകൻ മഹേഷ് മാഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള ഭൂരിഭാഗം ആൺകുട്ടികളും പെൺകുട്ടികളും തങ്ങളുടെ പ്രിയപ്പെട്ട ലോകകപ്പ് ടീമുകളുടെ ജഴ്‌സി അണിഞ്ഞാണ് മത്സരത്തിൽ പങ്കെടുത്തത്. മൈതാനത്ത് തടിച്ചുകൂടിയ കൂട്ടുകാരുടെ ആർപ്പുവിളികൾക്കും പ്രോത്സാഹനങ്ങൾക്കും നടുവിൽ, യഥാർത്ഥ ലോകകപ്പ് ഫൈനലിൻ്റെ പ്രതീതി ജനിപ്പിച്ചായിരുന്നു മത്സരങ്ങൾ. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഫൈനലിൽ രണ്ട് കളിക്കാർ തുല്യത പാലിച്ചതിനെ തുടർന്ന് ടോസിലൂടെയാണ് വിജയിയെ നിശ്ചയിച്ചത്. മത്സരത്തിൽ ഏഴാം ക്ലാസ് (7C) വിദ്യാർത്ഥി നിദാൻ എൻ.പി ഒന്നാം സ്ഥാനവും, നാലാം ക്ലാസ് (4B) വിദ്യാർത്ഥി മുഹമ്മദ് റൈഹാൻ എം.കെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ശ്രീജിത്ത് മാഷ്, മഹറൂഫ് കാട്ടാമ്പളളി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ഷിബ ടീച്ചർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. സ്കൂൾ കളിമുറ്റത്തെ ആവേശക്കടലാക്കി മാറ്റിയ മിനി ലോകകപ്പ് മത്സരങ്ങൾ കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായി.
0 Comments