പയ്യന്നൂരിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. ബാംഗ്ലൂരിൽ നിന്നും മംഗലാപുരം വഴി കണ്ണൂരിലേക്ക് കാറിൽ കടത്തുകയായിരുന്ന പത്ത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന മാരക ലഹരിമരുന്നുമായി യുവതി ഉൾപ്പെടെ മൂന്നുപേരെ പോലീസ് പിടികൂടി. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് (DANSAF) സ്ക്വാഡിന്റെ സഹായത്തോടെ പയ്യന്നൂർ പോലീസാണ് സംഘത്തെ വലയിലാക്കിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഏർപ്പെടുത്തിയ പ്രത്യേക പരിശോധനയ്ക്കിടെയാണ് പ്രതികൾ കുടുങ്ങിയത്.
പിടിയിലായവർ കണ്ണൂർ സ്വദേശികൾ
കണ്ണൂർ ചാലാട് ഹിറ പള്ളിക്ക് സമീപത്തെ നൂറുദ്ദീൻ വില്ലയിൽ താമസിക്കുന്ന നദീർ നൂറുദ്ദീൻ (42), ഇയാളുടെ ഭാര്യ അയിന (26), എടക്കാട് നടാൽ വായനശാലയ്ക്ക് സമീപം നസീമ മൻസിലിൽ കെ. ഷാനിദ് (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ എസ്.ഐ. പി.വി. അനുശ്രീയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ലഹരിമരുന്ന് കടത്ത് തടഞ്ഞത്. പ്രതികൾ സഞ്ചരിച്ച കെ.എൽ. 19 എച്ച് 9777 നമ്പർ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ അന്തർസംസ്ഥാന ലഹരി മാഫിയയിലെ പ്രധാന കണ്ണികളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
0 Comments