FLASH NEWS

6/recent/ticker-posts

കൊട്ടിയൂർ ദേവസ്വത്തിലെ തീരുമാനത്തിൽ ദുരൂഹത


കൊട്ടിയൂർ
: ഓടപ്പൂവുമായി ബന്ധപ്പെട്ട് കൊട്ടിയൂർ ദേവസ്വം പുറത്തിറക്കിയ ഉത്തരവിനെതിരേ പ്രതിഷേധം ശക്തം. ഓടപ്പൂവിന്റെ നിർമാണം, വിതരണം തുടങ്ങിയ മുഴുവൻ പ്രക്രിയകളുടെയും പരിപൂർണ ഉടമസ്ഥാവകാശം കൊട്ടിയൂർ ദേവസ്വത്തിന്റെ പേരിൽ നിക്ഷിപ്തമാക്കിക്കൊണ്ടുള്ള പേറ്റന്റ് സർട്ടിഫിക്കറ്റ് നേടിയതായി കൊട്ടിയൂർ ദേവസ്വം കഴിഞ്ഞ ദിവസം പത്രക്കുറിപ്പ് ഇറക്കിയിരുന്നു.

കൊട്ടിയൂർ ദേവസ്വത്തിന്റെ അനുമതിയോ ലൈസൻസോ ഇല്ലാതെ ഓടപ്പൂ നിർമാണവും വില്പനയും പാടില്ലെന്നും ഉത്സവനഗരിയിലെ നിർദിഷ്ട സ്ഥലങ്ങളിലല്ലാതെ മറ്റു സ്ഥലങ്ങളിൽവെച്ചുള്ള ഓടപ്പൂ വിതരണം നിരോധിച്ചെന്നുമുള്ള കൊട്ടിയൂർ ദേവസ്വത്തിന്റെ ഉത്തരവിനെത്തുടർന്നാണ് പ്രതിഷേധവുമായി വിവിധ രാഷ്ട്രീയപ്പാർട്ടികളും സംഘടനകളും രംഗത്ത് എത്തിയത്. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും സി.പി.എമ്മും ബി.ജെ.പിയും കൊട്ടിയൂർ ദേവസ്വത്തിന് കത്ത് നൽകി. ആദിവാസി വിഭാഗത്തിൽ ഉള്ളവർ ഉൾപ്പെടെയുള്ള പാവങ്ങൾക്ക് ഒരു വരുമാനമാർഗ്ഗം ആയിരുന്നു ഓടപൂവ് നിർമ്മാണം. ഇതാണ് ദുരുദേശത്തോടെയുള്ള ഉത്തരവിലൂടെ അട്ടിമറിക്കാൻ ശ്രമിച്ചത്.

തിങ്കളാഴ്ച രാവിലെ കോൺഗ്രസ് നേതാക്കൾ ദേവസ്വം ഓഫീസിൽ എത്തി. ഡി. സി.സി. ജനറൽ സെക്രട്ടറി പി.സി. രാമകൃഷ്ണന്റെ നേതൃത്വത്തിലെത്തിയ കോൺഗ്രസ് പ്രവർത്തകർ, പേറ്റന്റ് സർട്ടിഫിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടത് ദേവസ്വം ചെയർമാനുമായി തർക്കത്തിനടയാക്കി. തുടർന്ന് ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എക്സിക്യുട്ടീവ് ഓഫീസർക്ക്, കോൺഗ്രസ് നേതാക്കൾ കത്ത് നൽകി.

 ടെമ്പിൾ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേവസ്വം ഓഫീസിലേക്ക് മാർച്ച് നടത്തി. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം വത്സൻ പനോളി ഉദ്ഘാടനം ചെയ്‌തു. സീൽസ് വർഗീസ് അധ്യക്ഷതവഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി സി.ടി. അനീഷ്, ലോക്കൽ സെക്രട്ടറി കെ.എൻ. സുനീന്ദ്രൻ എന്നിവർ സംസാരിച്ചു. സി.പി.എം. നേതാക്കൾ ദേവസ്വം ചെയർമാന് നിവേദനം നൽകി.

യുവമോർച്ച സംസ്ഥാനസമിതി അംഗം അരുൺ എ. ഭരത്, കൊട്ടിയൂർ പഞ്ചായത്തംഗം ഓമന ഭരതൻ എന്നിവരുടെ നേതൃത്വത്തിൽ ബി.ജെ.പി. പ്രവർത്തകർ വിവാദ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ച് ദേവസ്വം ചെയർമാന് നിവേദനം നൽകി. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഉത്സവവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച നടക്കേണ്ട  ലേലം ദേവസ്വം മാറ്റിവച്ചു.

Post a Comment

0 Comments